കുവൈത്തിൽ മഴക്കാല അപകടം ഒഴിവാക്കാൻ നിർദേശവുമായി ആഭ്യന്തരമന്ത്രാലയം
|കടലിലോ മരുഭൂമിയിലോ നിരത്തുകളിലോ അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നു ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത നിർദേശവുമായി ആഭ്യന്തരമന്ത്രാലയം. വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും സിഗ്‌നലുകൾ മറികടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴക്കാലം മുൻനിർത്തിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മഴയത്ത് വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ വാഹനം കറക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈലിൽ മഴ ചിത്രീകരിക്കൽ സിഗ്‌നലുകൾ മുറിച്ചു കടക്കൽ എന്നിവ ഒഴിവാക്കണം.
മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർ അപരിചിത വസ്തുക്കളിൽ സപർശിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മഴ പെയ്യുന്നതോടെ മണ്ണിനടിയിൽ ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകളും പുറത്തേക്കു വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം വസ്തുക്കളിൽ സപർശിക്കുന്നത് ജീവഹാനിക്കും കാരണമാകും. മുൻവർഷങ്ങളിൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. കടലിലോ മരുഭൂമിയിലോ നിരത്തുകളിലോ അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അഭ്യർത്ഥിച്ചു.
Home Ministry with proposal to avoid monsoon danger in Kuwait