പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം; കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പ്
|2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുവൈത്ത് സമ്പദ്വ്യവസ്ഥ മികച്ച വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ വീണ്ടും കുതിപ്പ്. സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഗവൺമെന്റിന്റെ വിജയകരമായ നടപടികളും,എണ്ണ വില ഉയർന്നതും, ഉയർന്ന നിക്ഷേപങ്ങളും സേവന മേഖലയുമാണ് ഇപ്പോഴത്തെ വളർച്ചക്ക് കാരണം. സുപ്രീം കൗൺസിൽ ഓഫ് പ്ലാനിംഗ് ആൻഡ് ഡവലപ്മെൻറ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2023 നും 2024 നും ഇടയിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സൂചികകൾ മുൻ കാലയളവിനെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ട്.
വിവിധ അന്താരാഷ്ട്ര സൂചികകളിൽ മികച്ച സ്ഥാനമാണ് കുവൈത്ത് ഈ വർഷം രേഖപ്പെടുത്തിയത്. ആഗോള സമാധാന സൂചികയിൽ 35-ാം സ്ഥാനവും, ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയിൽ 13-ാം സ്ഥാനവും, മാനവ വികസന സൂചികയിൽ 49-ാം സ്ഥാനവും നേടി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്, കുവൈത്തിൻറെ റേറ്റിങ് AA- ലെവലിൽ ഉയർത്തിയതും സാമ്പത്തിക മേഖലക്ക് പുത്തൻ ഉണർവ് നൽകി. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തിറക്കിയ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡെവലപ്മെന്റ് ഇൻഡക്സിൽ തുടർച്ചയായ രണ്ടാം വർഷവും കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി. രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ കഴിഞ്ഞതും അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കിയതും സാമ്പത്തിക മുന്നേറ്റത്തിന് കാരണമായി.
ആഗോള സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്കിടയിൽ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് സർക്കാർ. 2035-ഓടെ ആഗോള സൂചികകളിൽ മുൻ നിരയിലെത്താൻ ഈ വർഷമാദ്യം കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് ലോകബാങ്ക് നേരത്തെ പ്രവചിച്ചിരുന്നു.