ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇനി ഇഖാമ അസാധുവാകും; സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്
|ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് നേരത്തെ താൽക്കാലികമായി മരവിപ്പിച്ചത്
ആറു മാസത്തിലധികം രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. നിലവിൽ ഗാർഹിക ജോലിക്കാർക്ക് മാത്രമുള്ള നിബന്ധന മറ്റുവിസ കാറ്റഗറികൾക്കും ബാധകമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി.
ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് നേരത്തെ താൽക്കാലികമായി മരവിപ്പിച്ചത്. യാത്രാ നിയന്ത്രണങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനും അവസരം നൽകിയിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാൽ 2021 ഡിസംബർ ഒന്നുമുതൽ ഗാർഹിക ജോലിക്കാർക്ക് മാത്രമായി ഈ നിബന്ധന പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ, ആശ്രിതർ, സെല്‍ഫ് സ്‌പോൺസർഷിപ്പ് കാറ്റഗറിയിൽ പെടുന്നവർ എന്നിവർക്ക് കൂടി നിബന്ധന പുനഃസ്ഥാപിക്കാനാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നീക്കം ആരംഭിച്ചത്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ആറുമാസ നിബന്ധന പുനഃസ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്. നിലവിൽ സാധുവായ ഇഖാമ ഉള്ള ഗാർഹിക ജോലിക്കാർ അല്ലാത്തവർക്ക് ആറുമാസം കഴിഞ്ഞാലും കുവൈത്തിലേക്ക് വരുന്നതിനു തടസമില്ല. ഇഖാമ കാലാവധി അവസാനിക്കാരായവർക്ക് കുവൈത്തിൽ പ്രവേശിക്കാതെ തന്നെ ഓൺലൈൻ സംവിധാനത്തിലൂടെ പുതുക്കാമെന്നും ജനുവരിയിൽ അധികൃതർ അറിയിച്ചിരുന്നു.