കുവൈത്ത് വിമാനത്താവളത്തിൽ അനധികൃത ടാക്‌സി സർവീസ്; പ്രവാസികൾ പിടിയിൽ
|നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പ്രവാസികളാണ്
അനധികൃതമായി കുവൈത്തിലെ എയർപോർട്ടിൽ ടാക്‌സി സർവീസ് നടത്തിയ അറുപത് വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ പിടിയിലായത്.
വിമാനത്താവളത്തിലെ ടെർമിനലിൽനിന്നും പുറത്തുമായി യാത്രക്കാരെ കയറ്റി കൊണ്ടിരുന്ന ഇവരെ ദിവസങ്ങളായി ട്രാഫിക് പൊലീസ് നീരിക്ഷിച്ചു വരികയായിരുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയരക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നേരിട്ട് നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിക്കപ്പെട്ടത്. നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പ്രവാസികളാണ്.
വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്‌സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വരും ദിവസങ്ങളിലും വിമാനത്താവളം കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.