കുവൈത്തിൽ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രം
|ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഡിജിറ്റൽ പെർമിറ്റുകൾ പ്രവാസികൾക്ക് മാത്രമാണ് ലഭിക്കുകയെന്നും 'എക്‌സ്' പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളുടെ ഭാഗമായി, വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ വ്യക്തമാക്കി. ഫെയർ സർവീസ്, ഓൺ ഡിമാൻഡ് ഫെയർ സർവീസ്, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, പൊതു ബസുകൾ, മൊബൈൽ നിരക്കുകൾ, വ്യക്തിഗത ഡ്രൈവിംഗ് പരിശീലകർ, വാനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗാണ് നിർത്തലാക്കിയത്.
ആഭ്യന്തര മന്ത്രാലയം (MOI) ആപ്പ് വഴി ലഭിക്കുന്ന ഡിജിറ്റൽ പതിപ്പ് ഇനി മുതൽ കാണിച്ചാൽ മതിയാകും. എന്നാൽ ജോലി ആവശ്യത്തിനായി കുവൈത്തിന് പുറത്തേക്ക് പതിവായി യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും തുടരാൻ അനുവദിക്കും.