Kuwait
കുവൈത്തിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുകഴിഞ്ഞാൽ ഇഖാമ അസാധുവാകുന്ന നിയമം സ്വകാര്യ മേഖലയ്ക്കും ബാധകമാക്കിയതായി റിപ്പോർട്ട്
Kuwait

കുവൈത്തിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുകഴിഞ്ഞാൽ ഇഖാമ അസാധുവാകുന്ന നിയമം സ്വകാര്യ മേഖലയ്ക്കും ബാധകമാക്കിയതായി റിപ്പോർട്ട്

Web Desk
|
11 Aug 2022 6:18 PM GMT

കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറുമാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞാൽ ഇഖാമ അസാധുവാകുന്ന നിയമം സ്വകാര്യ തൊഴിൽ മേഖലക്ക് കൂടി ബാധകമാക്കിയതായി റിപ്പോർട്ട്. മെയ് ഒന്നിന് ശേഷം കുവൈത്തിൽ നിന്ന് പുറത്തു പോയ ആർട്ടിക്കിൾ 18 വിസയിലുള്ളവർക്ക് നിബന്ധന ബാധകമാകുമെന്നാണ് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്ക് മാത്രമാണ് ബാധകമാക്കിയത്. ഇപ്പോൾ സ്വകാര്യ തൊഴിൽ മേഖലയിലെ 18 ആം നമ്പർ ഇഖാമക്കാർക്കും ഇത് ബാധകമാക്കി എന്നാണ് അൽ ഖബസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ മുതൽ ആറുമാസത്തിലേറെ കുവൈത്തിലില്ലാത്ത, ആർട്ടിക്കിൾ പതിനെട്ട് ഇഖാമയുള്ള വിദേശികൾ നവംബർ ഒന്നിനു മുൻപ് തിരിച്ചെത്തണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആശ്രിത വിസക്കാർക്കും സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ളവർക്കും ആറുമാസം നിബന്ധന ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭ്യമായിട്ടില്ല. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തുകഴിഞ്ഞാൽ താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലയ്ക്ക് മാത്രം ബാധകമാണെന്നും വിസകാറ്റഗറികളിൽ ഉള്ളവർക്ക് കോവിഡ് കാലത്ത് അനുവദിച്ച പ്രത്യേക ഇളവ് ഇപ്പോഴും തുടരുന്നതായി പോയവാരം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


Similar Posts