കുവൈത്തിൽ ഇനി വാഹനത്തിലിരുന്ന് വലിയ സ്ക്രീനിൽ സിനിമ കാണാം...
|സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ ശാലയ്ക്കായി വകയിരുത്താനാണ് തീരുമാനം
കുവൈത്തിൽ ഇനി വാഹനത്തിലിരുന്ന് വലിയ സ്ക്രീനിൽ സിനിമ കാണാം. ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. നവംബർ ഒന്ന് മുതൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ ശാലയ്ക്കായി വകയിരുത്താനാണ് തീരുമാനം.
രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരുടെ സഹായത്തോടെ പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഉപവ്യവസായങ്ങളും അതിനോടനുബന്ധിച്ചു നടപ്പാക്കും. അഞ്ചു വർഷമാണ് പദ്ധതി കാലയളവ്. മുനിസിപ്പാലിറ്റി വകയിരുത്തിയ സ്ഥലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും അനുബന്ധമായി സ്പോർട്സ് റിക്രിയേഷൻ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ നഗരാസൂത്രണ വകുപ്പിന്റെയും സിൽക്ക് സിറ്റി, ബുബിയാൻ, പഞ്ച ദ്വീപ് വികസന അതോറിറ്റിയുടെയും ഏകോപനത്തോടെ നടപ്പാക്കാനും മുനിസിപ്പൽ കൗൺസിൽ നിർദേശം നൽകി.