Kuwait
കുവൈത്തിലെ 250 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷ ഇന്ത്യയില്‍ പൂര്‍ത്തിയാക്കും: അംബാസഡര്‍ സിബി ജോര്‍ജ്ജ്
Kuwait

കുവൈത്തിലെ 250 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷ ഇന്ത്യയില്‍ പൂര്‍ത്തിയാക്കും: അംബാസഡര്‍ സിബി ജോര്‍ജ്ജ്

ഹാസിഫ് നീലഗിരി
|
3 Feb 2022 2:04 PM GMT

കുവൈത്തിലുള്ള 250 ഓളം ഇന്ത്യന്‍ തടവുകാരെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് വെളിപ്പെടുത്തി. അവരുടെ ബാക്കിയുള്ള ശിക്ഷാ കാലാവധി ഇനി ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും നാടുകടത്തപ്പെടുന്ന തടവുകാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടികയും ഇതിനോടകം തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ ജയിലുകളുമായി ഏകോപിപ്പിച്ച് തയാറാക്കിയ പട്ടിക സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് ഈ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് അറ്റോര്‍ണി ജനറല്‍-കൗണ്‍സിലര്‍ ദിരാര്‍ അല്‍ അസൂസിയുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും തടവുകാരുടെ കൈമാറ്റവും കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നും അംബാസഡര്‍ വ്യക്തമാക്കി.

Similar Posts