അംബാസഡർക്കും ജീവനക്കാർക്കും കോവിഡ്; കുവൈത്തിലെ ഇന്ത്യൻ എംബസി അടച്ചിട്ടു
|ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടിയന്തിര സ്വഭാവത്തിലുള്ള കോൺസുലാർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയ്മെന്‍റ് എടുത്ത് നടത്താമെന്നും എംബസി അറിയിച്ചു
കുവൈത്തിലെ ഇന്ത്യൻ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി .
അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടിയന്തിര സ്വഭാവത്തിലുള്ള കോൺസുലാർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയ്മെന്‍റ് എടുത്ത് നടത്താമെന്നും എംബസ്സി അറിയിച്ചു. അത്യാവശ്യ കോൺസുലർ സേവനങ്ങൾക്ക് cons1.kuwait.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാണ് അപ്പോയ്മെന്‍റ് എടുക്കേണ്ടത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും അംബാസഡർ സിബി ജോർജ് ട്വിറ്ററിൽ അറിയിച്ചു.