ആത്മ-നിര്‍ഭര്‍ ഭാരത്; കുവൈത്തില്‍ മാധ്യമങ്ങളുമായി ഇന്ത്യന്‍ എംബസി കൂടിക്കാഴ്ച നടത്തി
|വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കും
കുവൈത്ത്: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മ-നിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ താല്‍പര്യത്തെക്കുറിച്ചും ഓരോ മേഖലയിലും ഇന്ത്യ കൈകൊണ്ട സമീപകാല പരിഷ്‌കാരങ്ങളും അതിലൂടെയുണ്ടായ അവസരങ്ങളും നേട്ടങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 60 ാം വാര്‍ഷികം ആഘോഷിക്കുന്ന 2021 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ഉഭയകക്ഷി ഇടപെടലിനെക്കുറിച്ച് അംബാസഡര്‍ സിബി ജോര്‍ജ്ജ് പരാമര്‍ശിച്ചു. പാന്‍ഡെമിക് സാഹചര്യത്തിന് ശേഷം ഇന്ത്യ കൈവരിച്ച സാമ്പത്തിക മുന്നേറ്റങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നൈപുണ്യ വികസനത്തിനും ഗവേഷണ-വികസനത്തിനുമുള്ള ആസൂത്രിത മുന്നേറ്റത്തിനൊപ്പം വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരം, സാങ്കേതിക വികസനം എന്നിവയ്ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ മുന്നേറ്റത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളുടെ കയറ്റുമതിക്കായി 400 ബില്യണ്‍ ഡോളറിലധികം ചിലവഴിക്കാനാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. അതില്‍ 50 ശതമാനത്തിലേറെയും വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നേടിയിട്ടുണ്ട്. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ആഗോള ചരക്ക് കയറ്റുമതി 50 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 82 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) നടന്നുവെന്നും അതേസമയം 2035 ഓടെ ഇന്ത്യ പ്രതിവര്‍ഷം 120 മുതല്‍ 160 ബില്യണ്‍ വരെ ഡോളറിന്റെ നിക്ഷേപം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗത്തില്‍ പറഞ്ഞു.
സോഫ്റ്റ്വെയര്‍, ഐടി സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. ബഹിരാകാശ ഗവേഷണത്തിലും പര്യവേക്ഷണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി. കൂടാതെ, 2023 ല്‍ മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ വിക്ഷേപണ പദ്ധതിയും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിലെ അതിവേഗം വളരുന്ന ടൂറിസം സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും, 2020 സാമ്പത്തിക വര്‍ഷത്തില്‍ 75 ബില്യണ്‍ ഡോളറിന്റെ ട്രാവല്‍ മാര്‍ക്കറ്റ് ഉള്ളതിനാല്‍, ഇന്ത്യയുടെ ടൂറിസം മേഖല 2027 സാമ്പത്തിക വര്‍ഷത്തില്‍ 125 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികള്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.