Kuwait
Kuwait
പിടിവിട്ട് ഭക്ഷണവും വസ്ത്രവും; കുവൈത്തിൽ പണപ്പെരുപ്പം ഉയർന്നു തന്നെ
|20 Nov 2024 11:33 AM GMT
വർഷാടിസ്ഥാനത്തിൽ 2.44 ശതമാനമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പം ഉയർന്ന് തന്നെ തുടരുന്നു. കഴിഞ്ഞ ഒക്ടോബറിൽ വർഷാടിസ്ഥാനത്തിൽ 2.44 ശതമാനമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്. കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോൾ മാസാടിസ്ഥാനത്തിൽ 0.13 ശതമാനമാണ് വിലക്കയറ്റം. പ്രധാനമായും വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 4.98 ശതമാനം വർധനവും പുകയില ഉത്പന്നങ്ങളുടെ വിലയിൽ 0.15 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. വസ്ത്രത്തിന്റെ വില 5.56 ശതമാനവും വീടുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ വില 0.57 ശതമാനവും വീട്ടുപകരണങ്ങളുടെ വില 4.06 ശതമാനവും വർധിച്ചു. ഭക്ഷ്യവസ്തുക്കളൊഴികെയുള്ള മേഖലകളിൽ 1.87 ശതമാനമാണ് വിലക്കയറ്റം.