കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 31 വയസ്സ്
|പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സ്ഥിര സാന്നിധ്യത്തിനും ഇറാഖ് എന്ന രാജ്യത്തിന്റെ തകര്‍ച്ചക്കും കാരണമായ അധിനിവേശത്തില്‍ കുവൈത്തിന് നഷ്ടമായത് നിരവധി പൗരന്മാരുടെ ജീവനായിരുന്നു. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്.
കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് ഇന്ന് 31 വയസ്സ്. 1990 ആഗസ്റ്റ് 2 നായിരുന്നു സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖി സൈന്യം അയല്‍രാജ്യമായ കുവൈത്തിലേക്ക് ഇരച്ചു കയറിയത്. അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭ വഴി കുവൈത്തിനു ലഭിക്കുന്നുണ്ടെങ്കിലും യുദ്ധ തടവുകാരില്‍ പലര്‍ക്കും എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്.
പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സ്ഥിര സാന്നിധ്യത്തിനും ഇറാഖ് എന്ന രാജ്യത്തിന്റെ തകര്‍ച്ചക്കും കാരണമായ അധിനിവേശത്തില്‍ കുവൈത്തിന് നഷ്ടമായത് നിരവധി പൗരന്മാരുടെ ജീവനായിരുന്നു. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്തു. രാജ്യത്തിന്റെ ശക്തിസ്രോതസ്സായ എണ്ണക്കിണറുകള്‍ ഇറാഖീ പട്ടാളം തേടിപ്പിടിച്ച് തീയിട്ടു. 639 എണ്ണക്കിണറുകളാണ് അഗ്നിക്കിരയായത്. ആകാശം മുട്ടെ ഉയര്‍ന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം കുവൈത്ത് നൂറുകണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തില്‍നിന്ന് പലായനം ചെയ്തത്.
സമാധാനപ്രേമികളായ ഒരു ജനതയെ കീഴ്പ്പെടുത്തി ഭരണം പിടിച്ചടക്കാനുള്ള സദ്ദാം ഹുസൈന്റെ ശ്രമം സഖ്യസൈന്യത്തിന്റെ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കുവൈത്ത് ഇന്ന് വികസനകുതിപ്പിലാണ്. ഇറാഖുമായുള്ളത് ഊഷ്മളമായ അയല്പക്ക ബന്ധം. എങ്കിലും അധിനിവേശം വരുത്തിവെച്ച കെടുതികളുടെ ശേഷിപ്പുകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഈ മണ്ണിലുണ്ട്. ദുരിത ദിനങ്ങളുടെ കറുത്ത ഓര്‍മകളും.