രണ്ടു വർഷത്തിലേറെയായി അടച്ചിട്ടിരുന്ന ജഹ്റ നേച്ചർ റിസർവ് സന്ദർശകർക്കായി തുറന്നു
|വെബ്സൈറ്റ് വഴി മുൻകൂർ റിസർവേഷൻ ചെയ്യുന്നവർക്കായിരിക്കും സന്ദർശനാനുമതി ഉണ്ടാവുക.
കുവൈത്ത് സിറ്റി: രണ്ടു വർഷത്തിലേറെയായി അടച്ചിട്ടിരുന്ന ജഹ്റ നേച്ചർ റിസർവ് സന്ദർശകരെ സ്വീകരിക്കാനൊരുങ്ങുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം നേച്ചർ റിസർവ് സന്ദർശകർക്കായി തുറന്നതായി എൻവയൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു.
വെബ്സൈറ്റ് വഴി മുൻകൂർ റിസർവേഷൻ ചെയ്യുന്നവർക്കായിരിക്കും സന്ദർശനാനുമതി ഉണ്ടാവുക. പ്രവേശന ഫീസായി രണ്ട് ദിനാറും അഞ്ചോ അതിൽ താഴെയോ ആളുകളുടെ ഗ്രൂപ്പിന് 10 ദീനാറുമാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബർ നാല് മുതലാണ് ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കുക കുവൈത്തിലെ ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തടാകങ്ങളാണ് ജഹ്റ നേച്ചർ റിസർവിന്റെ പ്രത്യേകത. ദേശാടനപ്പക്ഷികളുടെ സ്ഥിരം സങ്കേതമായ ജഹ്റ നേച്ചർ റിസർവിൽ ഇതുവെയായി മുന്നൂറോളം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. കടലിനോട് ചേർന്ന് വളരുന്ന കണ്ടൽക്കാടുകളും അപൂർവമായ 70 ഓളം സസ്യ ഇനങ്ങളും നേച്ചർ റിസർവിന്റെ സമ്പത്താണ്. രാജ്യത്തിന്റെ വടക്ക് ഖുവൈസത്ത് മുതൽ തെക്ക് ജാബിർ അൽ അഹമ്മദ് വരെ 18 ചതുരശ്ര കി.മീറ്റർ വിസ്തൃതിയിലാണ് റിസർവ് സ്ഥിതി ചെയ്യുന്നത്. നേച്ചർ റിസർവ് സന്ദർശകർ വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.