Kuwait
കുവൈത്തില്‍ വ്യാവസായിക കേന്ദ്രങ്ങളില്‍ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന
Kuwait

കുവൈത്തില്‍ വ്യാവസായിക കേന്ദ്രങ്ങളില്‍ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന

Web Desk
|
26 Dec 2021 1:50 PM GMT

നിരവധി സ്ഥാപനങ്ങളുടെ വൈദ്യുതബന്ധം വിച്ഛേദിച്ചു

സുലൈബിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി വ്യാപക സുരക്ഷാ പരിശോധന നടത്തി. റെയിഡില്‍ 780 ഓളം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, 13 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമലംഘനങ്ങള്‍ നടത്തിയ 63 ഗാരേജുകളിലേക്കും വര്‍ക്ക് ഷോപ്പുകളിലേക്കുമുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് സെക്ടര്‍, സപ്പോര്‍ട്ടിങ് സെക്യൂരിറ്റി, മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംയുക്തസംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം, വ്യാവസായിക മേഖലകളിലെ നിയമലംഘനം നടത്തുന്ന വര്‍ക്ക്ഷോപ്പുകളില്‍ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫേഴ്സ് വിഭാഗം പരിശോധനാ കാമ്പെയ്നുകള്‍ തുടരുകയാണെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഓഫീസര്‍ മേജര്‍ അബ്ദുല്ല ബുഹാസന്‍ പറഞ്ഞു.

ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ ഇന്‍സ്‌പെക്ടര്‍മാരാണ് 63 വര്‍ക്ക്‌ഷോപ്പുകളിലേക്കും ഗാരേജുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചത്. 82 നിയമലംഘന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ട്രേഡ് ഇന്‍സ്പെക്ടര്‍മാര്‍ വിശദീകരിച്ചപ്പോള്‍, റസിഡന്‍സി-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 7 പേരെ അറസ്റ്റ് ചെയ്തതായി റസിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കുവൈത്ത് മുനിസിപ്പാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ 13 വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, നിയമങ്ങളെ അവഗണിച്ച 700 വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിപ്പിക്കുകയും ചെയ്തു.

മോഷണക്കേസുകളില്‍ ഉള്‍പെട്ട 4 വാഹനങ്ങള്‍ ട്രാഫിക് പോലീസും പിടികൂടിയിട്ടുണ്ട്. മോഷ്ടാക്കള്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പോലിസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

Similar Posts