Kuwait
KEFAC Innovative International Soccer
Kuwait

പ്രവാസി ഫുട്ബോൾ മേള കെഫാക് ഇന്നോവേറ്റീവ് ഇന്റർനാഷണൽ സോക്കർ ലീഗിന് തുടക്കമായി

Web Desk
|
25 Aug 2023 12:09 PM GMT

എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയാണ് മത്സരങ്ങള്‍

കുവൈത്തിലെ പ്രവാസി ഫുട്ബോൾ മേളക്ക് തുടക്കമായി. പത്തു മാസക്കാലം നീണ്ടു നിൽക്കുന്ന കെഫാക് ഇന്നോവേറ്റീവ് ഇന്റർനാഷണൽ സോക്കർ ലീഗാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.

കേരള ഫുട്ബാള്‍ ഏക്സ്പ്പാര്‍ട്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പത്താമത് കെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം. ആയിരത്തിലേറെ ഫുട്ബാള്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ സോക്കര്‍ ലീഗിന് മുന്‍ എം എൽ എ അബ്ദുറഹ്മാൻ രണ്ടത്താണി കിക്കോഫ് നിര്‍വ്വഹിച്ചു.

മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ്‌ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ കുവൈത്തിലെ കായിക-ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകള്‍ക്കായി സംഘടിപ്പിച്ച കെഫാക് ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പില്‍ കാർമൽ ഇന്ത്യൻ സ്‌കൂളിനെ പരാജയപ്പെടുത്തി ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ചാമ്പ്യന്മാരായി .

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യൂസഫ് അൽ ഹിന്ദി,അബ്ദുറഹിമാൻ രണ്ടത്താണി,ശറഫുദ്ധീൻ കണ്ണേത്ത്, കേഫാക് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. വൈകിട്ട് 5 മണിക്ക് തുടങ്ങിയ അണ്ടര്‍ -19 മത്സരങ്ങൾ കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരിയും സെക്രട്ടറി ജോസ് കാർമെണ്ടും ഉദ്ഘാടനം ചെയ്തു.

കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേരാണ് കളികാണുവാന്‍ ഗാലറിയിലെത്തിയത്. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .

കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച കെഫാക് സീസൺ 2023-24 ഉത്ഘാടന ചടങ്ങിൽ 18 ക്ലബ്ബുകൾ അണിനിരന്ന മാർച്ച്‌ പാസ്റ്റ് ശ്രദ്ധേയമായി. റഫീഖ് ബാബു,ഹിക്മത് തോട്ടുങ്കൽ ,മുനീർ അഹമ്മദ്,സിദ്ധീഖ് ടി. വി എന്നിവർ ആശംസകള്‍ നേര്‍ന്നു.

Similar Posts