"ഒരു പാർട്ടിക്കും സംഭാവന നൽകില്ല, ഗൾഫുകാരെ ചൂഷണം ചെയ്യുകയാണ്"; ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ കെ.ജി. എബ്രഹാം
|ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും കെ.ജി. എബ്രഹാം പറഞ്ഞു
കുവൈത്ത് സിറ്റി: കേരളത്തിലെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച വാർത്തകളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. എബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരിലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. സംഭാവന നൽകിയ പണമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്തുന്നത് സർക്കാറിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും കെ.ജി. എബ്രഹാം പറഞ്ഞു.
കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് എൻ.ബി.ടി.സി സംഘടിപ്പിച്ച 'വിന്റർ കാർണിവൽ-2023' ൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാം.
"ഇനി ഒരു പാർട്ടികൾക്കും സംഭാവന നൽകില്ല, പ്രവാസികളെ വിഡ്ഢികളാക്കുകയും, ചൂഷണം ചെയ്യുകയുമായിരുന്നു എല്ലാവരും. പ്രവാസികളുടെ പണം കേരളത്തിൽ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കും? എന്നിട്ട് ഇവർ ഒരു വീട് വെച്ചുപോയെങ്കിൽ അത് അടച്ചിടുന്നങ്കിൽ അതിന് അധിക നികുതി ഏർപ്പെടുത്തുന്നു. ഇത് അഹങ്കാരമാണ്. ഗൾഫുകാരെ അല്ലാതെ ആരെയും ഇങ്ങനെ ചൂഷണം ചെയ്യാനാകില്ല. നാട്ടിൽ ഒരു ചാക്ക് അരി തനിയെ ഇറക്കാമെന്ന് വെച്ചാൽ സമ്മതികില്ല, അതിന് വേറെ പണം നൽകണം. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കിൽ കേരളം വിടണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്"; കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.