Kuwait
കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി നാളെമുതല്‍ പൂര്‍ണ തോതിലാകും
Kuwait

കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി നാളെമുതല്‍ പൂര്‍ണ തോതിലാകും

Web Desk
|
23 Oct 2021 4:20 PM GMT

വിമാനസര്‍വീസുകള്‍ സജീവമാകുന്നതോടെ പ്രതിദിനം 25000ത്തിനും 30000ത്തിനും ഇടയില്‍ യാത്രക്കാരെത്തുമെന്നാണ് കരുതുന്നത്.

കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി പൂര്‍ണ തോതിലാക്കാനുള്ള തീരുമാനം നാളെ പ്രാബല്യത്തിലാകും. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ പൂര്‍ണസജ്ജമെന്ന് വ്യോമയാണവകുപ്പ് അറിയിച്ചു. വിമാനസര്‍വീസുകള്‍ സജീവമാകുന്നതോടെ പ്രതിദിനം 25000ത്തിനും 30000ത്തിനും ഇടയില്‍ യാത്രക്കാരെത്തുമെന്നാണ് കരുതപ്പെടുന്നത്. .

കോവിഡ് പ്രതിയേണ്ടി ആരംഭിച്ചതിനു ശേഷം ആദ്യമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ ശേഷിയില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. പ്രതിദിനം പതിനായിരം യാത്രക്കാര്‍ എന്ന പരിധി ഇന്ന് അര്‍ദ്ധ രാത്രിയോടെ അവസാനിക്കും . ഞായറാഴ്ച മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് മന്ത്രിസഭാ തീരുമാനം. 35 അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍നിന്നും സര്‍വീസ് നടത്തുന്നത്. നാളെ മുതല്‍ ഇത് 52 ആക്കി ഉയര്‍ത്തും. കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിദിനം 25000ത്തിനും 30000ത്തിനും ഇടയില്‍ യാത്രക്കാരെയാണ് ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെയും വിമാനങ്ങളെയും സ്വീകരിക്കാന്‍ വിമാനത്താവളം ഒരുങ്ങിയതായി വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു. കോവിഡിന് മുമ്പത്തെ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാര്‍ക്കും വ്യോമയാണവകുപ്പ് ഡയറക്ടര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിച്ചത്. സീറ്റുകള്‍ പരിമിതമായതിനാല്‍ കൂടിയ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നത്ത്. നിയന്ത്രണം നീങ്ങിയതോടെ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Related Tags :
Similar Posts