കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണം അധികരിപ്പിക്കാനാവശ്യപ്പെട്ട് ജീവനക്കാരുടെ സമരം
|ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുമ്പിലാണ് നൂറുക്കണക്കിന് ജീവനക്കാർ ധർണയും പിക്കറ്റിങ്ങും നടത്തിയത്.
വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും കുവൈത്ത് എയർവേയ്സ് വർക്കേഴ്സ് സിൻഡിക്കേറ്റ് മേധാവി തലാൽ അൽ ഹജ്രി പറഞ്ഞു.
സ്വദേശി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പിക്കുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തുകയാണ്. സ്വദേശികൾക്ക് തുച്ഛമായ ശമ്പളവും അതേ തസ്തികയിൽ നിയമനം ലഭിക്കുന്ന വിദേശികൾക്ക് ഉയർന്ന ശമ്പളവുമാണ് നിലവിലുള്ളത് . യോഗ്യതയുള്ള സ്വദേശി തൊഴിലാളികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തൊഴിൽ പുരോഗതി കൈവരിക്കുന്നതിൽ മാനേജ്മെന്റ് നിരന്തരം പരാജയപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുവൈത്ത് എയർവേയ്സിന്റെ വിജയത്തിന് കാരണം ജീവനക്കാരുടെ പ്രയത്നമാണെന്നും സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ജീവിതം ചിലവഴിച്ചവരാണ് തൊഴിലാളികളെന്ന കാര്യം മാനേജ്മെന്റ് മറന്നു പോകരുതെന്നും കുവൈത്ത് എയർവേയ്സ് യൂണിയൻ വൈസ് പ്രസിഡന്റ് അബ്ദുല്ല അൽ അലി ചൂണ്ടിക്കാട്ടി.