ആഗോള റാങ്കിങ് പട്ടികയിൽ മികച്ച മുന്നേറ്റവുമായി കുവൈത്ത് എയർവേയ്‌സ്; ജീവനക്കാർക്ക് നന്ദി പറഞ്ഞ് മാനേജ്‌മെന്റ്
|യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്.
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്സും. യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്. സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഗൾഫ് മേഖലയിൽ നിന്നും ഖത്തർ എയർലൈൻസ് സ്റ്റാർ റേറ്റിങ്ങിൽ അഞ്ച് സ്റ്റാറുകൾ നേടിയപ്പോൾ എമിറേറ്റ്‌സ് എയർലൈൻസും, ഇത്തിഹാദ് എയർവേയ്‌സും , ഒമാൻ എയറും, സൗദി അറേബ്യൻ എയർലൈൻസും നാല് സ്റ്റാറുകൾ നേടി. കുവൈത്ത് ആസ്ഥാനമായ ജസീറ എയർവേയ്‌സും, കുവൈത്ത് എയർവേയ്സും ഗൾഫ് എയറും ഫ്‌ളൈദുബായും മൂന്ന് സ്റ്റാറുകൾ നേടി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ മുന്നേറ്റമെന്നും ഇതിനായി മികച്ച പ്രവർത്തനം നടത്തിയ ബോർഡ് മെമ്പർന്മാർ, എക്സിക്യൂട്ടീവ് മാനേജ്മെന്റ്, ജീവനക്കാർ എന്നിവരോട് നന്ദി പറയുന്നതായും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു.