തെരുവുനായ ശല്യത്തിൽ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍; പാർപ്പിടം പദ്ധതി ഉടന്‍
|പിടികൂടുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിൻ നല്‍കി വന്ധ്യംകരിച്ചതിന് ശേഷമായിരിക്കും പാര്‍പ്പിട കേന്ദ്രത്തിലേക്ക് മാറ്റുക.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരുവുനായ ശല്യത്തിൽ നടപടിക്കൊരുങ്ങി അധികൃതർ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിന്റെ നടപടി.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി പ്രത്യേക സ്ഥലത്ത് പാർപ്പിക്കുന്ന പാർപ്പിടം പദ്ധതിയാണ് അധികൃതര്‍ പരിഗണിക്കുന്നത്. ഇതിനായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് മുന്‍സിപ്പാലിറ്റിക്ക് അപേക്ഷ നൽകിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടികൂടുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിൻ നല്‍കി വന്ധ്യംകരിച്ചതിന് ശേഷമായിരിക്കും പാര്‍പ്പിട കേന്ദ്രത്തിലേക്ക് മാറ്റുക. വിദേശികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയ അടക്കമുള്ള പ്രദേശങ്ങളില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ തെരുവുനായകൾ ആക്രമിക്കുന്ന സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ മാത്രമല്ല, പകല്‍ സമയങ്ങളില്‍ പോലും ഇവിടങ്ങളില്‍ യാത്ര ദുരിതമായിരിക്കുകയാണ്.