ഇസ്രായേലിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
|ഇസ്രായേലുമായി എല്ലാ ബന്ധവും വേർപ്പെടുത്തിയ രാജ്യമാണ് കുവൈത്ത്
ഇസ്രായേലിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ഇസ്രായേലിൽ നിന്ന് വരുന്നതും അവിടേക്ക് ചരക്കുകളുമായി പോകുന്നതുമായ കപ്പലുകൾ കുവൈത്ത് സമുദ്രപരിധിയിൽ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. കുവൈത്ത് വാർത്തവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് വിവരം അറിയിച്ചത്. ഇസ്രായേലുമായി എല്ലാ ബന്ധവും വേർപ്പെടുത്തിയ രാജ്യമാണ് കുവൈത്ത്.
കഴിഞ്ഞ മേയിൽ കുവൈത്ത് പാർലമെൻറ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികൾക്കും കുവൈത്തിൽ ഇഖാമയുള്ള വിദേശികൾക്കും ഇസ്രായേൽ സന്ദർശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്. സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച ചെക് റിപ്പബ്ലിക് അംബാസഡറെ കുവൈത്ത് പുറത്താക്കിയിരുന്നു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടുത്തിടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നെങ്കിലും ഇസ്രയേലുമായുള്ള കുവൈത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി.