വൈദ്യുതി കുടിശ്ശിക: പ്രവാസികളിൽനിന്ന് കുവൈത്ത് പിരിച്ചത് 23 ദശലക്ഷം ദിനാർ
|കുടിശ്ശിക അടയ്ക്കുന്നത് വരെ പ്രവാസികൾ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതടക്കമുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്
കുവൈത്ത് സിറ്റി: 2023 സെപ്തംബർ 1 മുതൽ ഈ മാസം ആദ്യം വരെയായി പ്രവാസികളിൽ നിന്ന് കുവൈത്ത് മന്ത്രാലയം 23 ദശലക്ഷം ദിനാർ പിരിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സോഴസുകളെ ഉദ്ധരിച്ച് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വൈദ്യുതി മന്ത്രാലയവും ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളും ചേർന്നുള്ള പുതിയ നടപടികളാണ് കളക്ഷനിലെ വർധനവിന് പ്രാഥമിക കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു.
കുടിശ്ശിക അടയ്ക്കുന്നത് വരെ പ്രവാസികൾ യാത്ര ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ തടയുന്നതടക്കമുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്. വൈദ്യുതി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേർന്നുള്ള സംവിധാനം ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഈ കടങ്ങൾ വിജയകരമായി പിരിച്ചെടുക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നും സ്രോതസ്സുകൾ ചൂണ്ടിക്കാട്ടി. 2023 ഏപ്രിൽ പകുതിയോടെയാണ് മന്ത്രാലയങ്ങൾ ചേർന്നുപ്രവർത്തിച്ച് തുടങ്ങിയത്.