ഇറാഖിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി കുവൈത്ത്
|ഇറാഖുമായി അതിർത്തി പങ്കിടുന്ന അബ്ദലിയിലെ ബോർഡർ ചെക്ക് പോയിന്റിൽ യാത്രക്കാർക്ക് കുവൈത്ത് നിയന്ത്രണം എപ്പെടുത്തി .
ഇറാഖിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കുവൈത്ത് . ഇറാഖിലുള്ള കുവൈത്തികളോട് എത്രയും വേഗം തിരികെയെത്താനും നിർദേശം. ഇറാഖുമായി അതിർത്തി പങ്കിടുന്ന അബ്ദലിയിലെ ബോർഡർ ചെക്ക് പോയിന്റിൽ യാത്രക്കാർക്ക് കുവൈത്ത് നിയന്ത്രണം എപ്പെടുത്തി .
ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന കുവൈത്ത് പൗരന്മാർക്കും കുവൈത്തിൽ മടങ്ങുന്ന ഇറാഖികൾക്കും മാത്രമാണ് അതിർത്തി വഴിയുള്ള യാത്ര അനുവദിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർക്കും യാത്രക്ക് അനുമതിയുണ്ട് . മറ്റു യാത്രക്കാരെ തല്ക്കാലം ഇറാഖിലേക്കും തിരിച്ചും യാത്രക്ക് അനുവദിക്കണ്ട എന്നാണ് തീരുമാനം.ഒന്നാം ഉപ പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയും ആക്റ്റിങ് ആഭ്യന്തരമന്ത്രിയുമായ ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇറാഖിൽ കഴിയുന്ന മുഴുവൻ പൗരന്മാരും ഉടൻ തിരിച്ചെത്തണമെന്നു കുവൈത്ത് വിദേശകാര്യമന്ത്രാലയം നിർദേശം നല്കയിട്ടുണ്ട്.
അതിനിടെ ഇറാഖിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ രേഖപ്പെടുത്തി. അയൽ രാജ്യത്തിന്റെ ഏറ്റവും മികച്ച താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമാധാനപരമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇറാഖ് റിപ്പബ്ലിക്കിനും അതിന്റെ സുരക്ഷക്കും വേണ്ടി കുവൈത്ത് ശക്തമായി നിലക്കൊള്ളുന്നതായും എല്ലാത്തരം അക്രമങ്ങളും ഉപേക്ഷിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.