കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു
|ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
കുവൈത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു.ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അൽ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിൽ ആണ് പിസിആർ പരിശോധനയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
യാത്രക്കാരൻ നേരത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നുവെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലാണ് ഇയാൾ ഇപ്പോഴുള്ളതെന്നും ഡോ അബ്ദുള്ള അൽ സനദ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെട്ടതാണ്.
ലഭ്യമായ വാക്സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.