കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച്ച കുവൈത്തിലെത്തിക്കും- എൻ.ബി.ടി.സി
|ആദ്യഘട്ടത്തിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളാണ് കുവൈത്തിലെത്തുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച്ച കുവൈത്തിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. എൻ.ബി.ടി.സി എച്ച്.ആർ ആൻഡ് അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്താണ് ഇക്കാര്യമറിയിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളാണ് കുവൈത്തിലെത്തുന്നത്. ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള വാഹനം എന്നിവ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.
അപകടത്തിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരന്റെ സഹോദരനെയും കുവൈത്തിലെത്തിക്കുന്നുണ്ട്. ഇദ്ദേഹം എത്തിയ ഉടനെ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാനാണ് ശ്രമം. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപകടം നടന്നയുടനെ 61 ജീവക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 53 ജീവനക്കാർ സുഖം പ്രാപിച്ച ശേഷം ഡിസ്ച്ചാർജായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുൾപ്പെടെ നിലവിൽ എട്ട് ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയതായും എൻ.ബി.ടി.സി മാനേജ്‌മെൻറ് അറിയിച്ചു.