കുവൈത്ത് തീപിടിത്തം; മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു
|മരിച്ചവർ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു. മരിച്ചവർ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് . പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56) , വാഴമുട്ടം സ്വദേശി മുരളിധരൻ നായർ പി.വി, കൊല്ലം സ്വദേശികളായ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്.
കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ മിക്കവരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എൻ.ബി.ടി.സി കമ്പനി അധികൃതർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും ദുരന്തത്തിന് ഇരയാവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും എൻ.ബി.ടി.സി അധികൃതർ അറിയിച്ചു.
കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ആന്റ് ഹൈവേ കമ്പനിയിലെ 196 ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി തമിഴ്നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്ലാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.