കുവൈത്ത് നാഷണൽ അസ്സംബ്ലി തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുറത്തിറക്കി
|ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല.
കുവൈത്തിൽ അടുത്തമാസം നടക്കാനിരിക്കുന്ന നാഷണൽ അസ്സംബ്ലി തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുറത്തിറക്കി. രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിലെയും വോട്ടർമാരുടെ അന്തിമ പട്ടികയാണ് തിരഞ്ഞെടുപ്പ് കാര്യ വകുപ്പ് പ്രസിദ്ധീകരിച്ചത്. ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022 ലെ അഞ്ചാം നമ്പർ ഉത്തരവിലെ ഒമ്പതാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് സമ്മതിദായകരുടെ പട്ടിക പ്രസിദ്ധീകരിച്ചതെന്നു ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
അഞ്ചു നിേയാജക മണ്ഡലങ്ങളിലെയും വോട്ടർമാർ തങ്ങളുടെ പേരുവിവരങ്ങൾ വോട്ടേഴ്സ് ലിസ്റ്റുമായി ഒത്തു നോക്കണമെന്നും പരാതികൾ ഉണ്ടെങ്കിൽ വേഗത്തിൽ അപ്പീൽ നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സർക്കാർ സംവിധാനങ്ങൾക്കുള്ള ഏകജാലക ആപ്ലിക്കേഷനായ സഹൽ വഴിയും വോട്ടർമാർക്ക് പട്ടികയിലെ തങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രാലയം സംവിധാനമൊരുക്കിയിട്ടുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപ്പീലുകളിൽ പ്ലീനറി കോർട്ട് അധ്യക്ഷൻ നിയമിക്കുന്ന ന്യാധിപനായിരിക്കും തീർപ്പ് കേൾപ്പിക്കുക.
നിയോജകമണ്ഡലങ്ങളെ അടിസ്ഥാനമാക്കി ഒന്നിലധികം ജഡ്ജിമാരെ ചുമതലപ്പെടുത്തിയേക്കാമെന്നും അപ്പീൽ നൽകി രണ്ടു ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്ലീനറി കോർട്ട് ജഡ്ജിയുടെ തീർപ്പിനനുസരിച്ചു 24 മണിക്കൂറിനുള്ളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ തിരുത്തലുകൾക്ക് അവസരമുണ്ടാകില്ല. സെപ്റ്റംബർ 29 നാണു കുവൈത്ത് ദേശീയ അസംബ്ലിയായ മജ്‌ലിസ് അൽ ഉമ്മയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്.