ജി.സി.സി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കുവൈത്ത് പ്രധാനമന്ത്രി
|ഗെയിംസ് പാതി പിന്നിട്ടപ്പോൾ 22 സ്വർണമുൾപ്പെടെ 59 മെഡലുകളുമായി ആതിഥേയരായ കുവൈത്താണ് മുന്നിൽ
കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്. 360 മാളിലെ കുവൈത്ത് അറീനയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജിസിസി രാജ്യങ്ങളിലെ പ്രതിനിധികളും കുവൈത്ത് ഭരണരംഗത്തെ പ്രമുഖരും സംബന്ധിച്ചു. കായിക മേഖലക്ക് പ്രോത്സാഹനം നൽകുന്നത് രാജ്യത്തിന്റെ നയമാണെന്നും, അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെയും പ്രത്യേക മാർഗനിർദേശം ഇക്കാര്യത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർ പേഴ്‌സൺ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹ്‌മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇഴയടുപ്പം വർധിപ്പിക്കാൻ ഇത്തരം മേളകൾ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഓരോ ഗൾഫ് രാജ്യങ്ങളെയും പ്രതിനിധീകരിച്ചുള്ള കലാസാസംകാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. മൂന്നാമത് ജിസിസി കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നാണ് നടന്നതെങ്കിലും മത്സരങ്ങൾ ഈ മാസം 16 നു ആരംഭിച്ചിരുന്നു. കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായിക താരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഗെയിംസ് പാതി പിന്നിട്ടപ്പോൾ 22 സ്വർണമുൾപ്പെടെ 59 മെഡലുകളുമായി ആതിഥേയരായ കുവൈത്താണ് മുന്നിൽ. ഈ മാസം 31നാണു കായികമേളക്ക് കൊടിയിറങ്ങുക