കുവൈത്ത്: 17-ാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ കർട്ടൻ റൈസർ പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
|നാല് വര്‍ഷത്തിന് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടത്തുന്നത്
അടുത്ത വര്‍ഷം ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ കർട്ടൻ റൈസർ പരിപാടി ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കരും കുവൈത്തിലെ പ്രമുഖ ബിസിനസ് - സംഘടന പ്രതിനിധികളും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.
നാല് വര്‍ഷത്തിന് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. എംബസ്സി ചാർജ് ഡി അഫയേഴ്സ് സ്മിത പാട്ടീൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.പ്രവാസി ദിവസില്‍ പങ്കെടുക്കുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങളും ലോജിസ്റ്റിക് ക്രമീകരണങ്ങളും അധികൃതര്‍ വിശദീകരിച്ചു .
കുവൈത്തിലെ മുഴുവന്‍ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളെയും അംഗങ്ങളെയും ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിക്കുന്നതായി സ്മിത പാട്ടീൽ പറഞ്ഞു. ഗ്രൂപ്പ് രജിസ്ട്രേഷനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്. 1915 ജനുവരി ഒമ്പതാം തീയതി ദക്ഷിണാഫ്രിക്കൻ വാസം മതിയാക്കി മഹാത്മാഗാന്ധി ഭാരതത്തിൽ തിരിച്ചെത്തിയ ദിവസമാണ് പ്രവാസി ഭാരതീയ ദിവസമായി കൊണ്ടാടുന്നത്.