നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്ത് ഇന്ത്യന്‍ എംബസി
|സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ 11.30 മുതൽ 2.30 വരെ എംബസ്സി കെട്ടിടത്തിനകത്താണ് പരീക്ഷ നടക്കുക.
ഇതാദ്യമായി ഇന്ത്യക്കു പുറത്തു വെച്ച് നടക്കുന്ന നീറ്റ് വിജയകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യൻ എംബസി. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അംബാസഡർ സിബി ജോർജ് മീഡിയ വണ്ണിനോട് പറഞ്ഞു.
സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ 11.30 മുതൽ 2.30 വരെ എംബസ്സി കെട്ടിടത്തിനകത്താണ് പരീക്ഷ നടക്കുക. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എംബസി പരിസരത്ത് ഞായറാഴ്ച രാവിലെ 8.30 മുതൽ ഹെൽപ് ഡെസ്ക് സജ്ജമാകും. പരീക്ഷക്ക് മുന്നോടിയായി എംബസ്സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് രാവിലെ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രധാന പ്രവേശന കവാടത്തിലൂടെ രാവിലെ 8.30 മുതൽ എത്താവുന്നതാണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻെറ കോവിഡ് പ്രോട്ടോകോൾ പാലിക്കണം.
വിദ്യാർഥികളുടെ സുഗമമായ പ്രവേശനം ഉറപ്പുവരുത്താൻ നയതന്ത്ര മേഖലയുടെ പ്രവേശന കവാടത്തിൽ കുട്ടികളെ ഇറക്കണം. ഇവിടെ നിന്ന് എംബസിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ എംബസി വാഹനസൗകര്യം ഏർപ്പെടുത്തും. വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണം.
നയതന്ത്ര ഏരിയയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരീക്ഷ പൂർത്തിയായ വിദ്യാർഥികളുടെ പുറത്തുപോക്ക് 'ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്' അടിസ്ഥാനത്തിലായിരിക്കും.
വിദ്യാർഥികൾക്ക് സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ പരീക്ഷ വേദി സന്ദർശിക്കാനും ഡ്രോപ് ഓഫ്/പിക്ക് അപ് പോയൻറ് പരിചയപ്പെടാനും അവസരമുണ്ടാകുമെന്നും എംബസ്സി അറിയിച്ചു.