പെട്രോളിന് ഏറ്റവും വിലക്കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും
|ആഗോളതലത്തിൽ ഇന്ധനത്തിന് ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലോന്നായി കുവൈത്തും. അടുത്തിടെ നടന്ന പഠന റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിലെ ഇന്ധനവില ലോക ശരാശരിയേക്കാൾ കുറവാണ്. രാജ്യത്ത് ഒരു ലിറ്ററ്റർ പെട്രോളിന്റെ ശരാശരി വില 95 ഫിൽസ് ആണെങ്കിൽ സൗദി അറേബ്യയിൽ 185 ഫിൽസും, ഖത്തറിലും യു.എ.ഇയിലും 335 ഫിൽസും ബഹ്റൈനിൽ 135 ഫിൽസും അമേരിക്കയിൽ 445 ഫിൽസും ബ്രിട്ടനിൽ 700 ഫിൽസുമാണ്.
പൗരന്മാരുടെ ഗ്യാസോലിൻ പ്രതിമാസ ചെലവ് ശമ്പള മൂല്യത്തിന്റെ ഒരു ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ നൽകുന്ന സബ്‌സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കാതിരിക്കാൻ കാരണം. ഊർജ മേഖലയിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സബ്‌സിഡി അനുവദിക്കുന്നത്. രാജ്യത്ത് സബ്‌സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്‌സിഡിയായാണ് നൽകുന്നത്.
അതിനിടെ ഇന്ധനത്തിന് സർക്കാർ സബ്സിഡി നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. കുവൈത്തിൽ പതിനഞ്ച് ലക്ഷത്തിലേറെ വിദേശികൾക്ക് വാഹന ലൈസൻസ് സ്വന്തമായുണ്ട്. രാജ്യത്ത് പൊതുചെലവ് ക്രമാതീതമായി വർദ്ധിക്കുവാൻ കാരണം ഇന്ധന സബ്‌സിഡിയാണെന്നും ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വിദേശികൾ വസിക്കുന്ന രാജ്യത്ത് സ്വദേശികൾക്ക് മാത്രമായി സബ്സിഡി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശവും സർക്കാരിന് മുന്നിലുണ്ട്.