കുവൈത്ത് ദേശീയ വിമോചന ദിനാഘോഷവുമായി ബന്ധപ്പെട്ട ക്യാമ്പയിന് തുടക്കമായി
|വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാസംസ്കാരിക പരിപാടികൾ അരങ്ങേറും
കുവൈത്തിൽ ഈ വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളുമായ് ബന്ധപ്പെട്ട ദേശീയ ക്യാമ്പയിന് തുടക്കമായി. കോവിഡ് സാഹചര്യം മെച്ചപ്പെടുകയും നിയന്ത്രണങ്ങൾ ഏറെയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിൽ മാർച്ച് 31 വരെ നീളുന്ന ആഘോഷ പരിപാടികൾക്കാണ് കുവൈത്ത് ഒരുങ്ങുന്നത്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ദേശീയ ദിനാഘോഷങ്ങൾ ഒഴിവാക്കിയാണ് കുവൈത്ത് പ്രതിരോധം തീർത്തത്.
ഒമിക്രോൺ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളും ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കേസുകൾ കുറയുകയും ആരോഗ്യ സാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ മന്ത്രിസഭ നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സ്ഥിരം കമ്മിറ്റി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചത്.
മാർച്ച് 31 വരെ നീളുന്ന വൈവിധ്യപൂർണമായ ആഘോഷ പരിപാടികളാണ് ഇക്കുറി ആസൂത്രണം ചെയ്തതെന്നു വാർത്താവിതരണമന്ത്രാലയ വക്താവ് അൻവർ അൽ മുറാദ് പറഞ്ഞു.'നമ്മുടെയെല്ലാം സ്വർഗം' എന്ന തലക്കെട്ടിലാണ് പരിപാടികൾ നടക്കുക. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാസംസ്കാരിക പരിപാടികൾ അരങ്ങേറും. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായി കുവൈത്ത് ടവർ പരിസരത്തു ഒരുക്കുന്ന പ്രദർശനം, കുവൈത്ത് വ്യോമസേനയുടെ എയർ ഷോ എന്നിവയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 25 ,26 തിയ്യതികളിലായാണ് കുവൈത്തിന്റെ ദേശീയ വിമോചന ദിനങ്ങൾ.