Kuwait
Vehicle ownership transfer through Sahel app is active in Kuwait
Kuwait

സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആരംഭിച്ച് കുവൈത്ത്

Web Desk
|
2 Sep 2024 1:48 PM GMT

ആഴ്ചയിൽ ഏഴു ദിവസവും സഹൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ സേവനം ലഭ്യമാകും

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ അവധി ദിവസങ്ങൾ അടക്കം ആഴ്ചയിൽ ഏഴു ദിവസവും സഹൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ സേവനം ലഭ്യമാകും. പുതിയ സേവനം ആരംഭിക്കുന്നതോടെ പൊതു ജനങ്ങളുടെ സമയം ലഭിക്കാമെന്നും സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.

സേവനത്തിനായി സഹൽ ആപ്പിൽ പ്രവേശിച്ച് ട്രാഫിക് സേവനങ്ങൾ തിരഞ്ഞെടുത്ത് 'വാഹന ഉടമസ്ഥാവകാശ കൈമാറ്റ' സേവനം തിരഞ്ഞെടുക്കണം. തുടർന്ന് വാഹനത്തിന്റെ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങൾ അപേക്ഷ സമർപ്പിച്ച ശേഷം പുതിയ ഉടമയുടെ സിവിൽ ഐ.ഡി നമ്പർ നൽകാം. ഇതോടെ വാഹനം വാങ്ങുന്നയാളുടെ സഹൽ ആപ്പിൽ അറിയിപ്പ് ലഭിക്കും. അതിനുശേഷം പുതിയ ഉടമ സഹൽ ആപ്പ് തുറന്നതിന് ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അംഗീകരിക്കുകയും ഇൻഷുറൻസ് ഡോക്യുമെന്റ് ട്രാൻസ്ഫർ ഫീസ് നൽകുകയും വേണം. തുടർന്ന് വിൽപ്പനക്കാരൻ വാഹനത്തിന്റെ വില ലഭിച്ചതിന്റെ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനായി ലഭിച്ച എസ്.എം.എസ് നോട്ടിഫിക്കേഷൻ തുറക്കണം. അതിന് ശേഷം, വാങ്ങുന്നയാൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കുന്നതിനായി ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് നൽകണം.

ഇതോടെ കൈമാറ്റം പൂർത്തിയാകും. തുടർന്ന് പുതിയ ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷൻ തുറന്നതിന് ശേഷം വാഹന ലൈസൻസ് 'കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ' ഡിജിറ്റൽ വാലറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നും അധികൃതർ പറഞ്ഞു.

നേരത്തെ ട്രാഫിക് ഓഫീസുകൾ കയറി ഇറങ്ങി ഒരു ദിവസത്തോളം നീണ്ടുനിന്ന വാഹന കൈമാറ്റ സേവനങ്ങളാണ് സഹൽ ആപ്പ് വഴി നിമിഷങ്ങൾ കൊണ്ട് സാധ്യമാകുന്നത്. ഗവൺമെന്റ് സേവനങ്ങൾ പരമാവധി ഡിജിറ്റൈസ് ചെയ്യുന്നതിനും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Similar Posts