പ്രതിരോധ കുത്തിവെപ്പുകളുടെ ലഭ്യത ഉറപ്പാക്കിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം
|കുത്തിവെപ്പുകളുടെ പ്രചാരണത്തിനായി ഒക്ടോബർ മുതൽ കാമ്പയിൻ ആരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിരോധ കുത്തിവെപ്പുകളുടെ ലഭ്യത ഉറപ്പാക്കിയതായി ആരോഗ്യമന്ത്രാലയം. ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളുടെ പ്രചാരണത്തിനായി ഒക്ടോബർ മുതൽ കാമ്പയിൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുജനാരോഗ്യം ഉറപ്പാകുന്നതിനായുള്ള മരുന്നുകളുടെയും പ്രതിരോധ വാക്‌സിനുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും കോവിഡ് വാക്സിൻ ഉൾപ്പെടെ എല്ലാതരം പ്രതിരോധ കുത്തിവെപ്പുകളുടെയും മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ്എന്നിവക്കെതിരെയുള്ള വാക്സിനുകളും ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളും മെഡിസിൻ വെയർ ഹൗസുകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച സ്റ്റോക്കെത്തിയ കുട്ടികൾക്കുള്ള പ്രതിരോധ തുള്ളിമരുന്നു ആരോഗ്യകേന്ദ്രങ്ങളിൽ വിതരണത്തിനയച്ചു. ശൈത്യകാലത്ത് കൂടുതലായി കാണപ്പെടുന്ന സാംക്രമിക രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും മന്ത്രാലയത്തിൽ മതിയായ അളവിൽ സ്റ്റോക്കുള്ളതായി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.