ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ മോഡൽ നടപ്പാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
|ടെസ്റ്റ് സമയത്ത് 6 ഘട്ടങ്ങൾ വിലയിരുത്തി മാർക്ക് നൽകും
കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ മോഡൽ നടപ്പാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ടെസ്റ്റ് സമയത്ത് 6 ഘട്ടങ്ങൾ വിലയിരുത്തി മാർക്ക് നൽകുന്നതാണ് പുതിയ രീതി. സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിൽ നിന്ന് ആരംഭിച്ച് ഡ്രൈവിംഗ് സമയത്ത് ശ്രദ്ധിക്കുന്നത്, നടപ്പാതയ്ക്കു സമീപമുള്ള സൈഡ് പാർക്കിംഗ് സ്ഥലങ്ങളിൽ ശരിയായി നിർത്തുന്നത്, റെഡ് സിഗ്നലിൽ നിർത്തുന്നത്, വാഹനം പരിമിതമായ സ്ഥലത്ത് തിരിക്കുന്നത്, സ്റ്റാർട്ട് ചെയ്യുമ്പോഴും നീങ്ങുമ്പോഴും മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത് എന്നിവയാണ് വിലയിരുത്തുന്ന 6 ഘട്ടങ്ങൾ.
റെഡ് സിഗ്നലിൽ വാഹനം നിർത്തുന്നതിനും പരിമിതമായ സ്ഥലത്ത് വാഹനം തിരിക്കുന്നതിനും 30 ശതമാനം വീതം മാർക്ക് ഉൾപ്പെടുന്നു. മറ്റ് ഘട്ടങ്ങൾക്കും 10 ശതമാനം വീതം. അപേക്ഷകർ 75 ശതമാനം മാർക്കുകൾ നേടുന്നില്ലെങ്കിൽ, ടെസ്റ്റിൽ പരാജയപ്പെട്ടതായി കണക്കാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് സെക്ടർ ഇതിനകം ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗത്തിൽ ഈ പുതിയ സംവിധാനം ആറ് ഗവർണറേറ്റുകളിലും നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.