Kuwait
വാഹനങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ; ബോധവത്കരണ ക്യാംപെയ്‌നുമായി കുവൈത്ത്
Kuwait

വാഹനങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ; ബോധവത്കരണ ക്യാംപെയ്‌നുമായി കുവൈത്ത്

Web Desk
|
4 Nov 2022 3:38 PM GMT

റെന്റ് എ കാർ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളും ഓഫീസുകളും അടച്ച് പൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്

കുവൈത്തിൽ വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബോധവല്‍ക്കരണ കാമ്പയിനുമായി വാണിജ്യ മന്ത്രാലയം. സോഷ്യല്‍ മീഡിയ വഴിയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. റെന്റ് എ കാർ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളും ഓഫീസുകളും അടച്ച് പൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഉപഭോക്താവ് വാഹനങ്ങള്‍ ‍ വാടകക്ക്‌ എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും മറ്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമാണ് കാമ്പയിനില്‍ വിശദീകരിക്കുന്നത്.നേരത്തെ രാജ്യത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും വാണിജ്യ മന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. പെരുമാറ്റചട്ട പ്രകാരം ഉപഭോക്താക്കള്‍ക്ക്‌ വാഹനം വാടകക്ക് നല്‍കുന്നതിന് നിശ്ചിതമായ പരിധി നിശ്ചയിക്കുവാന്‍ പാടില്ല.

അതോടൊപ്പം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അറ്റകുറ്റപ്പണിയുടെ കാലയളവിലേക്കുള്ള പ്രതിദിന വാടക ഈടക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. വാടക കാരറിന് പുറമെ മറ്റു കടലാസുകളിലോ ചെക്കുകളിലോ ഒപ്പിടുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏകീകൃത സ്വഭാവത്തിലുള്ള ലീസിംഗ് കരാര്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കും.

860ഓളം കാര്‍ റെന്റല്‍ സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ഓഫീസ് അടച്ചുപൂട്ടുമെന്നും വാണിജ്യ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ അടുത്തുള്ള ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തിലോ 135 എന്ന നമ്പറിൽ വിളിച്ചോ വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ പരാതിപ്പെടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Similar Posts