കുവൈത്ത് ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ നീക്കം
|ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ ഒരുങ്ങി മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർദ്ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതൽ വിദേശികളെ റിക്രൂട്ട് ചെയ്യന്നത്. കുവൈത്തിൽ കൂടുതൽ വിദേശ ആരോഗ്യ ജീവനക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും.
ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുവാനാണ് പുതിയ ശ്രമം. സുരക്ഷാ കാരണങ്ങളാൽ ഇറാനികൾക്ക് നിലവിൽ കുവൈത്തിൽ വിസ നൽകുന്നില്ല. ഇത് സംബന്ധമായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 200 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തെയാകും ഇറാനിൽ നിന്നു കൊണ്ടുവരിക. നിലവിൽ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്.
നേരത്തെ സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് സിവിൽ സർവീസ് കമ്മീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം തീരുമാനം മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പാകിസ്താനിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട ഡോക്ടർമാരും നഴ്‌സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടുന്ന 200 പേർ കുവൈത്തിലെത്തിയത്.