Kuwait
കുവൈത്തിൽ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം
Kuwait

കുവൈത്തിൽ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

Web Desk
|
3 July 2022 4:21 PM GMT

കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നാലാം ഡോസ് കൂടി നൽകാമെന്ന നിലപാടിലേക്ക് അധികൃതരെത്തിയത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മ​ന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവർക്ക് മിശ്രിഫിലെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തി രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കാം.

12നും 50നും ഇടയിൽ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവർക്കും നാലാം ഡോസ് നൽകുമെന്ന് അധികൃതര്‍ പറഞ്ഞു. നാലാം ഡോസ് നിയമ പ്രകാരം നിർബന്ധമാക്കിയിട്ടില്ല. രണ്ട്​ ഡോസും മൂന്നാമതായി ബൂസ്​റ്റർ ഡോസും ആണ്​ ഇതുവരെ നൽകിയിരുന്നത്​. രണ്ടാം ഡോസ്​ എടുത്ത്​ ആറുമാസം കഴിഞ്ഞവർ ബൂസ്​റ്റർ ഡോസ്​ എടുത്താലാണ്​ കുത്തിവെപ്പ്​ പൂർത്തിയാക്കിയതായി പരിഗണിക്കുന്നത്​. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രായമായവർക്കും ദീർഘകാല രോഗികൾക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ് കൂടി നൽകാമെന്ന നിലപാടിലേക്ക് ബന്ധപ്പെട്ടവർ മാറിയത്.

ചില യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്നുണ്ട്. കോവിഡിനെ നിയന്ത്രണ വിധേയമാക്കുന്നതിൽ വാക്​സിൻ നിർണായക പങ്കുവഹിച്ചതായും ഒരുവിധ സുരക്ഷാപിഴവുകളും രാജ്യത്ത്​ വാക്​സിനുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. 12 വയസ്സിന് മുകളിലുള്ളവരോട് ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.

Summary- Kuwait mulls optional fourth dose of COVID-19 vaccine

Similar Posts