Kuwait
Kuwait National Assembly adjourned
Kuwait

സർക്കാർ രൂപീകരണം വൈകുന്നു; കുവൈത്ത് ദേശീയ അസംബ്ലി മാറ്റിവെച്ചു

Web Desk
|
16 Jan 2024 7:32 PM GMT

സഭ സമ്മേളിച്ചയുടനെ സമ്മേളനം മാറ്റിവെക്കുന്നതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിക്കുകയായിരുന്നു

സർക്കാർ രൂപീകരണം വൈകുന്നതിനാൽ ഇന്നും നാളെയും ചേരാനിരുന്ന കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു. ഇന്ന് സഭ സമ്മേളിച്ചയുടനെ സമ്മേളനം മാറ്റിവെക്കുന്നതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിക്കുകയായിരുന്നു. അടുത്ത മാസം ആറിനും ഏഴിനും അസംബ്ലി സമ്മേളിക്കും.

സർക്കാറിന്റെ രാജിയെത്തുടർന്ന് ചൊവ്വാഴ്ചയിലെ ദേശീയ അസംബ്ലി സമ്മേളനത്തിൽ സർക്കാർ പങ്കെടുക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ എസ്സ അൽ കന്ദരി അറിയിച്ചതായി സ്പീക്കർ പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം, പാർലമെന്റ് സെഷനുകളിൽ സർക്കാറിനെ പ്രതിനിധീകരികരിച്ച് അതിന്റെ തലവനോ അംഗങ്ങളോ പങ്കെടുക്കേണ്ടതുണ്ട്. സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെ സഭാ സമ്മേളനങ്ങളും നീട്ടിവെച്ചിരുന്നു.

പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈ മാസം നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ സർക്കാർ രൂപവത്കരിക്കാൻ അമീർ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ സർക്കാർ രൂപവത്ക്കരണം പൂർത്തിയായിട്ടില്ല.

നിലവിൽ പഴയ മന്ത്രിസഭയിലെ അംഗങ്ങൾ താൽക്കാലിക ചുമതലകളിൽ തുടരുകയാണ്. ഇതാണ് ചൊവ്വാഴ്ചയിലെ സമ്മേളനത്തിൽ നിന്ന് മന്ത്രിമാർ വിട്ടു നിൽക്കാൻ കാരണം. പുതിയ മന്ത്രിസഭ രൂപവത്ക്കരണം വൈകാതെ നടക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച അമീർ കൂടികാഴ്ചകൾ നടത്തിവരികയാണ്.പുതിയ പ്രധാന മന്ത്രിയുടെയും മന്ത്രിസഭാ അംഗങ്ങളുടെയും സത്യപ്രതിജഞയും അടുത്ത സമ്മേനത്തിൽ ഉണ്ടാകും.

Similar Posts