കുവൈത്ത് ദേശീയ ദിനാഘോഷം; സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി
|പദ്ധതിക്കായി സാമൂഹ്യകാര്യ മന്ത്രാലയം ഒന്നര ലക്ഷത്തോളം ദിനാര്‍ വകയിരുത്തി.
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി സ്ഥാപിക്കുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തിൽ കുവൈത്ത് പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകും പദ്ധതി തയ്യാറാക്കുക.
ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 'നാഷണല്‍ ഡേ കഷ്ട' പദ്ധതിക്ക് അംഗീകാരം നല്കി. ഫെബ്രുവരി 15ന് ആഘോഷങ്ങൾ ആരംഭിച്ച് മാർച്ച് 15 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. പദ്ധതിക്കായി സാമൂഹ്യകാര്യ മന്ത്രാലയം ഒന്നര ലക്ഷത്തോളം ദിനാര്‍ വകയിരുത്തി.
ദേശീയ ദിന ആഘോഷ പരിപാടികളും കുട്ടികള്‍ക്കുള്ള ഗെയിമുകളും ഭക്ഷണ ശാലകളും, ക്യാമ്പ് ഏരിയകളും വിനോദ പദ്ധതിയില്‍ സജ്ജീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി കുവൈത്ത് യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ അലി അൽ ഫഹദിനെ ചുമതലപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ യുവ സന്നദ്ധ പ്രവർത്തകർ അവതരിപ്പിച്ച പദ്ധതിയുടെ ആശയത്തിന് സാമൂഹ്യകാര്യ മന്ത്രി മായ് അൽ ബാഗ്ലിയാണ് അംഗീകാരം നല്‍കിയത്.