Kuwait
kuwait cyber crime news
Kuwait

സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ വിളിച്ച് പണം തട്ടുന്നു; കുവൈത്തിൽ സൈബർ തട്ടിപ്പുകാർ പുതുരൂപത്തിൽ

Web Desk
|
12 July 2023 1:30 PM GMT

മലയാളികളടക്കം നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ സൈബർ തട്ടിപ്പുകാർ പുതുരൂപത്തിൽ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും, ഫോൺവിളിച്ചുമാണ് തട്ടിപ്പുകൾ നടക്കുന്നത്. മലയാളികളടക്കം നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്. മുമ്പും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകൾ പറഞ്ഞും പൊലീസ് വേഷത്തിൽ വിഡിയോകോളിൽ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്.

ആളുകളെക്കുറിച്ച് മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവിൽ ഐ.ഡി നമ്പർ, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങൾ എന്നിവയെല്ലാം വിളിക്കുന്നവർ വ്യക്തമായി പറയുന്നുണ്ട്. അതിനിടെ സൈബർ തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത ലംഘനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ അയക്കാറില്ലെന്നും സർക്കാർ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ സഹേൽ ആപ്ലിക്കേഷൻ വഴി മാത്രമേ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നുള്ളൂവെന്നും അധികൃതർ പറഞ്ഞു. ഓൺലൈൻ പണമിടപാടുകൾക്ക് മുമ്പ് വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Similar Posts