Kuwait
Kuwait offers relief to the people of Gaza
Kuwait

ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്തിന്റെ സഹായം; നന്ദി അറിയിച്ച് ഫലസ്തീൻ

Web Desk
|
23 Oct 2023 6:27 PM GMT

ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഫലസ്തീന് കുവൈത്ത് പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു

ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇസ്രായേലുമായുള്ള യുദ്ധത്തിൽ തകർന്ന ഫലസ്തീന് മരുന്നുകൾ, ഭക്ഷണം, ടെൻറുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് അയച്ചത്. ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴിയാണ് ഗസ്സയിൽ സഹായങ്ങൾ എത്തിക്കുക. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുള്ള സംഭാവനകൾ അർഹരായവരിലേക്ക് എത്തിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ മുതൈരി അറിയിച്ചു.

ആവശ്യമായ സഹായങ്ങൾ എത്രയും വേഗം എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അസോസിയേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഗസ്സ പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ ബന്ധപ്പെട്ട ചാരിറ്റികളുമായി ആശയവിനിമയം നടത്താൻ മന്ത്രാലയം മുൻകൈയെടുത്തുവെന്ന് അൽ മുതൈരി വ്യക്തമാക്കി.

സാമൂഹ്യക്ഷേമ മന്ത്രാലയത്തിൻറെ അംഗീകാരമുള്ള ചാരിറ്റി സംഘടനകൾക്ക് മാത്രമാണ് കുവൈത്തിൽ പണപ്പിരിവിന് അനുമതിയുള്ളത്. ലൈസൻസില്ലാത്തതായ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അൽ മുതൈരി പറഞ്ഞു. സംഭാവനകൾ പണമായി സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. കെ നെറ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴിമാത്രമേ സംഭാവനകൾ വാങ്ങാവൂ എന്ന് കർശന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. സാമൂഹികകാര്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ ധനസമാഹരണ കാംപയിനുകൾ ആരംഭിക്കുന്നതിൽ നിന്ന് വ്യക്തികളും ഗ്രൂപ്പുകളും വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കുവൈത്തിന്റെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് ഫലസ്തീൻ

എയർ ബ്രിഡ്ജ് ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരം സഹായങ്ങൾ ഫലസ്തീൻ ജനതക്ക് ഏറെ ആശ്വാസകരമാകുമെന്നും കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു. ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിന് എന്നും ഉറച്ച പിന്തുണയാണ് കുവൈത്ത് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് അമീറിനും കിരീടാവകാശിക്കും കുവൈത്ത് ഭരണകൂടത്തിനും ജനങ്ങൾക്കും അംബാസഡർ റാമി തഹ്ബൂബ് നന്ദി പറഞ്ഞു. ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഫലസ്തീന് കുവൈത്ത് പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു.



Kuwait offers relief to the people of Gaza

Similar Posts