കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പത്രിക ഇന്ന് മുതല്‍ സ്വീകരിക്കും
|കുവൈത്ത് തെരഞ്ഞെടുപ്പ് നിയമപ്രകാരം വോട്ടെടുപ്പിന്റെ ഏഴുനാൾ മുൻപ് വരെ പത്രിക പിൻവലിക്കാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പത്രിക ഇന്ന് മുതല്‍ മെയ് 14 വരെ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നോമിനേഷൻ ആരംഭിച്ചതിനെ തുടര്‍ന്ന് ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്തു സ്ഥാനാർത്ഥികളെ സ്വീകരിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് നോമിനേഷന് സ്വീകരിക്കുകയെന്ന് മന്ത്രാലയം നിയമകാര്യ വകുപ്പ് ജനറൽ മാനേജർ ബ്രിഗേഡിയര്‍ സലാ അൽ-ഷട്ടി അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളിലും സ്ഥാനാർത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 6നാണ് വോട്ടെടുപ്പ്. കുവൈത്ത് തെരഞ്ഞെടുപ്പ് നിയമപ്രകാരം വോട്ടെടുപ്പിന്റെ ഏഴുനാൾ മുൻപ് വരെ പത്രിക പിൻവലിക്കാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്. അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 118 സ്കൂളുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റ് ഒന്നാം മണ്ഡലത്തിലും രണ്ടാം മണ്ഡലത്തിലും മുന്നാം മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാന പെർമിറ്റുകൾക്കായുള്ള സ്ഥാനാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി അറിയിച്ചു. പെർമിറ്റ് ഫീയായി 200 ദിനാറും ഇൻഷുറൻസ് തുകയായി 500 ദിനാറുമാണ് മുനിസിപ്പാലിറ്റിയില്‍ അടക്കേണ്ടത്.