കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ്: രണ്ട് വനിതകളുൾപ്പെടെ 104 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു
|ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30വരെയാണ് നോമിനേഷൻ സ്വീകരിക്കുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം തുടരുന്നു. ആദ്യ നാല് ദിവസങ്ങളിൽ രണ്ട് വനിതകൾ ഉൾപ്പടെ 104 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30വരെയാണ് നോമിനേഷൻ സ്വീകരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ രാഷ്ട്രീയപ്രവർത്തകരും ഗോത്രങ്ങളും സ്ഥാനാർഥി നിർണയത്തിന്റെയും പത്രികാ സമർപ്പണത്തിന്റെയും തിരക്കിലാണ്. ഒന്നാം മണ്ഡലത്തിൽ 18 പേരും രണ്ടാം മണ്ഡലത്തിൽ 26 പേരും മുന്നാം മണ്ഡലത്തിൽ 13 പേരും നാലാം മണ്ഡലത്തിൽ 19 പേരും അഞ്ചാം മണ്ഡലത്തിൽ 28 സ്ഥാനാർത്ഥികളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പത്രിക സ്വീകരിക്കൽ ഈ മാസം 14ന് അവസാനിക്കും. അടിയന്തര സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്കും മാധ്യമപ്രതിനിധികൾക്കും പ്രഥമശുശ്രൂഷ നൽകുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് ആരോഗ്യമന്ത്രാലയം മെഡിക്കൽ ക്ലിനിക് സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാം മണ്ഡലത്തിലെ സ്ഥാനാർത്ഥി മർസൂഖ് അൽ ഹബൈനി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.