Kuwait
കുവൈത്തില്‍ ഇനി സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി
Kuwait

കുവൈത്തില്‍ ഇനി സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി

Web Desk
|
5 Sep 2023 5:48 PM GMT

ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന സിക്ക് ലീവ് പരമാവധി മൂന്നു ദിവസം ആയിരിക്കും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുവാനുള്ള നടപടിയെ സ്വാഗതം ചെയ്ത് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ. പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് മെഡിക്കൽ അസോസിയേഷൻ സിവിൽ സർവീസ് കമ്മീഷനോട്‌ അഭ്യര്‍ഥിച്ചു. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. ഇത്തരം നൂതനമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ഭാരം കുറയ്ക്കുവാന്‍ സാധിക്കുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ-തവാല പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഓരോ വര്‍ഷവും മുപ്പത് ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സിക്ക് ലീവിനായി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സിവിൽ സർവീസ് കമ്മീഷന് കത്തയച്ചത്. പുതിയ നിര്‍ദ്ദേശ പ്രകാരം, ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന രോഗാവധി പരമാവധി മൂന്നു ദിവസം ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാകണം. ആദ്യത്തെ 15 ദിവസം മുഴുവൻ ശമ്പളത്തോടെയും രണ്ടാമത്തെ 15 ദിവസത്തേക്ക് പകുതി ശമ്പളത്തോടെയും ആയിരിക്കും സിക്ക് ലീവ് ലഭിക്കുക.


Related Tags :
Similar Posts