യു.എൻ പൊതുസഭയിൽ യുക്രൈന് പിന്തുണ ആവർത്തിച്ച് കുവൈത്ത്
|യു.എൻ പൊതുസഭയിൽ യുക്രൈന് പിന്തുണ ആവർത്തിച്ച് കുവൈത്ത്. യുക്രൈന്റെ പരമാധികാരത്തെ മാനിക്കണമെന്നും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തിര സമ്മേളനത്തിലാണ് കുവൈത്ത് പ്രതിനിധി അംബാസഡർ മൻസൂർ അൽ ഉതൈബി രാജ്യത്തിൻറെ നിലപാട് അറിയിച്ചത്.
റഷ്യ-യുക്രൈൻ യുദ്ധം യൂറോപ്പിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ സമാധാനത്തിനും സുരക്ഷക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത് പ്രതിനിധി ചൂണ്ടിക്കാട്ടി . നയതന്ത്ര ചർച്ചകളിലൂടെയാണ് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടത് സൈനിക അധിനിവേശത്തെ കുവൈത്ത് ഒരു നിലക്കും അംഗീകരിക്കില്ല. യുദ്ധം തുടർന്നാൽ ദശലക്ഷക്കണക്കിന് പേരാണ് അഭയാർത്ഥികളായി ദുരിതത്തിലേക്ക് നയിക്കപ്പെടുകയെന്നും അംബാസഡർ മൻസൂർ അൽ ഉതൈബി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് മന്ത്രിസഭയുടെ അസാധാരണ യോഗം റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു . ഉക്രെയ്നിന്റെ സ്വാതന്ത്ര്യത്തിനും തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള കുവൈത്തിന്റെ പൂർണ പിന്തുണ കാബിനറ്റ് ആവർത്തിച്ചു. സ്ഥിതിഗതികൾ വളരെ ഖേദത്തോടെയും ആശങ്കയോടെയും വീക്ഷിക്കുന്നതായും സൈനിക ശക്തി ഉപയോഗിച്ചുകൊണ്ടുള്ള അധിനിവേശത്തെ എതിർക്കുന്നതായും മന്ത്രിസഭ വ്യക്തമാക്കി.