കുവൈത്തിൽ മരുന്ന് കമ്പനി പ്രതിനിധികളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു
|ഡോക്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാനാണ് നടപടി
കുവൈത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് കമ്പനി പ്രതിനിധികളുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ഡോക്ടർമാരെ സ്വാധീനിച്ചു തങ്ങളുടെ ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ചില കമ്പനികൾ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മരുന്ന് കമ്പനികൾ ഡോക്ടർമാരെ സമ്മാനങ്ങളിലൂടെയും മറ്റും സ്വാധീനിക്കുന്നത് തടയാൻ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണയിലുള്ളത്. മെഡിക്കൽ റെപ്പുമാർക്ക് ഡോക്ടർമാരെ കാണുന്നതിന് മുൻകൂർ അപ്പോയ്ന്റ്‌മെന്റ് സംവിധാനം നടപ്പാക്കുക, സന്ദർശനം ഡ്യൂട്ടി സമയത്തിനു ശേഷമാക്കുക, സന്ദർശനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നിവയാണത്.
ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി കമ്പനി പ്രതിനിധികൾ ഇടക്കിടെ സന്ദർശനം നടത്തുന്നത് ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളിൽ വിപരീത ഫലം ഉണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഡോക്ടർമാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യുന്നതിനു ഡ്യൂട്ടി സമയങ്ങളിലെ ഇത്തരം സന്ദർശനങ്ങൾ തടസ്സമാകുന്നുണ്ട്. മാത്രമല്ല രോഗികളുടെ സമയംകൂടിയാണ് മരുന്ന് കമ്പനി പ്രതിനിധികൾ കവരുന്നത്. ഇതൊഴിവാക്കാൻ ഔദ്യോഗിക ഡ്യൂട്ടി സമയത്തിനു ശേഷം മാത്രം കമ്പനി പ്രതിനിധികൾക്ക് സന്ദർശനം അനുവദിക്കുന്ന രീതിയാണ് പരിഗണയിലുള്ളത്. മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു ദിവസം വകുപ്പ് മേധാവിയുടെ സാനിധ്യത്തിലായിരിക്കും മെഡിക്കൽ റെപ്പുമാർക്ക് ഡോക്ടർമാരുമായി കൂടിക്കാഴ്ചക്ക് അവസരം നൽകുക.
ചില കോസ്മെറ്റിക് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യ കോൺഫറൻസുകളും വിനോദ യാത്രയും പോലുള്ളവ വാഗ്ദാനം ചെയ്തു തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.