ബയോമെട്രിക്സ് വിവര ശേഖരം ശക്തിപ്പെടുത്താനൊരുങ്ങി കുവൈത്ത്
|കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യുവാന്‍ നിര്‍ദ്ദേശം ആഭ്യന്തരമന്ത്രാലയം നല്‍കി
കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക്സ് വിവര ശേഖരം ശക്തിപ്പെടുത്താനൊരുങ്ങി അധികൃതര്‍. കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രാലയം. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെ കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യല്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ വ്യാജപാസ്‌പ്പോർട്ടുകളിൽ രാജ്യത്തേക്ക് വിദേശികൾ പ്രവേശിക്കുന്നത് തടയുവാന്‍ സാധിക്കും. നിലവിൽ 12 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ശേഷിയാണ് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്‍റിലെ ഫിംഗർ പ്രിന്‍റ് ഡാറ്റാബേസിനുള്ളത്. എല്ലാ ബോർഡർ ക്രോസിംഗുകളിലും ഓട്ടോമാറ്റിക് ഫിംഗർപ്രിന്റ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമമായ അൽ-ജരിദ റിപ്പോര്‍ട്ട് ചെയ്തു.
വിരലടയാളങ്ങള്‍,ഐറിസ് സ്കാനുകൾ,ഫേഷ്യൽ റെക്കഗ്നിഷൻ, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ തുടങ്ങിയ നൂതന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി രാജ്യത്തെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുവാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനാ യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ മൂന്നു സെക്കന്‍റുകൾക്കകം ഡാറ്റാബേസിൽ നിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പരിശോധനാ സംവിധാനം സജ്ജീകരിച്ചരിക്കുന്നത്.2011ലാണ് വിമാനത്താവളത്തിൽ വിലരലടയാള പരിശോധനാ സംവിധാനം ഏർപ്പെടുത്തിയത്. തുടര്‍ന്ന് പരിശോധനാ സംവിധാനം രാജ്യത്തെ എല്ലാ കര അതിർത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.