ബയോമെട്രിക് രജിസ്ട്രേഷന്‍; രണ്ടരമാസത്തിനുള്ളിൽ പൂര്‍ത്തിയാക്കിയായത് ഏഴര ലക്ഷം പേര്‍
|രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബയോമെട്രിക് വിരലടയാളം ആവശ്യമില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ രജിസ്ട്രേഷന്‍ നിർബന്ധമാണ്.
കുവെെത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പടെ 7,50,000 പേർ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 75 ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയത്. നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് മാളുകളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴിയോ, മെറ്റാ പ്ലാറ്റ്‌ഫോം വഴിയും ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബയോമെട്രിക് വിരലടയാളം ആവശ്യമില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ രജിസ്ട്രേഷന്‍ നിർബന്ധമാണ്.
കുവൈത്ത്, ജി.സി.സി പൗരന്മാർക്കായി ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്‌റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലും ജഹ്‌റയിലുമാണ് പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഇവ പ്രവർത്തിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.