Kuwait
Kuwait strengthens laws to reduce traffic rule violation
Kuwait

360 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി; കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
22 Jun 2023 7:16 PM GMT

പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ്‌ ലൈസൻസുകളുടെ പരിശോധന തുടരുമെന്ന് സൂചന

ട്രാഫിക് നിയമലംഘനത്തിനെതിരെ കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി. പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ്‌ ലൈസൻസുകളുടെ പരിശോധന തുടരുമെന്നാണ് സൂചന.

പോയന്റ്‌ സമ്പ്രദായ പ്രകാരമാണ് കുവൈത്തില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത്. ഒരുവര്‍ഷത്തിനിടെ 14 ല്‍ കൂടുതല്‍ ബ്ലാക്ക് പോയന്റുകള്‍ ലഭിച്ചാല്‍ ആദ്യതവണ ഒരു മാസത്തേക്കും, രണ്ടാം തവണ 12 പോയന്റുകൾ കിട്ടിയാല്‍ ആറുമാസവും, മൂന്നാം തവണ 10 പോയന്റുകൾ എത്തിയാൽ ഒമ്പതുമാസവും, നാലാമത്തെ തവണ എട്ട് പോയന്റ് രേഖപ്പെടുത്തിയാല്‍ ഒരു വർഷവും, അഞ്ചാം തവണ ആറ് പോയന്റുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്ഥിരമായും റദ്ദാക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

ഈ വർഷം ഇതുവരെയായി 1220 ലൈസൻസുകളാണ് റദ്ദാക്കിയത്. അതിനിടെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ട്‌ ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. ഇതിൽ നിയമവിരുദ്ധമായി ലൈസൻസ് നേടിയെന്ന് പരിശോധിച്ചു കണ്ടെത്തുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് രണ്ട് വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവുമുള്ളവർക്കാണ് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി.ജോലി മാറ്റമോ മറ്റു കാരണങ്ങള്‍ കൊണ്ടോ , ഈ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേൽപിക്കേണ്ടതു.

Similar Posts